Friday, June 26, 2015

Wayanad

1. വയനാട് ചുരം 

താമരശ്ശേരി ചുരം. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ. വലിയ കുയ്യി. വയനാട്‌ ചുരത്തിനെ പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരിക പപ്പു ചേട്ടൻറെ ഈ ഡയലോഗ് ആണ്. സത്യം പറഞ്ഞാൽ താമരശ്ശേരിയിൽ നിന്നും കിലോമീറ്ററുകൾ മാറിയാണ് ചുരം തുടങ്ങുന്നത്. താഴെ അടിവാരം മുതൽ മുകളിൽ ലക്കിടി വരെ ഏകദേശം 12 കിലോമീറ്റർ ദൂരം വ്യാപിച്ചു കിടക്കുന്നു. 





അടിവാരത്തിൽ നിന്നും ചുരം റോഡിലേക്ക് കയറുന്നതിനു തൊട്ടു മുമ്പ് വലത്തേക്ക് പോകുന്നതു തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡാണ്. 

പച്ചപ്പും മലനിരകളും ഹെയർ പിൻ വളവുകളും ചേർന്ന ചുരത്തിലൂടയുള്ള യാത്ര ഒരു പ്രത്യേക അനുഭവം ആണ്. മിക്കവാറും സമയങ്ങളിൽ ഇവിടെ കോടമഞ്ഞ്‌ ഉണ്ടാവും. അതുമല്ലെങ്കിൽ കുളിർമയുള്ള മഴയും. കാഴ്ച്ച മറയ്ക്കുന്ന കോടമഞ്ഞും,   ഫോഗ് ലാമ്പും  വാർണിംഗ് ലൈറ്റും ഇട്ടു പോകുന്ന വാഹനങ്ങളും, കയറ്റം കയറാൻ നിന്നു കിതയ്ക്കുന്ന ലോറികളും കൊണ്ടു അല്പ്പം സാഹസികത നിറഞ്ഞ ഒരു ഡ്രൈവ് ആരാണു ഇഷ്ടപെടാത്തത്.





9 ഹെയർ പിൻ വളവുകൾ കടന്നു മുകളിൽ ആദ്യം ലക്കിടി വ്യൂ പൊയിന്റിൽ എത്തിച്ചേരാം. അവിടെ നിന്നു ചുരത്തിന്റെ ഭംഗി വേണ്ടുവോളം ആസ്വദിക്കാം. ഒരിടയ്ക്ക് ഇവിടെ കപ്പലണ്ടി,ഐസ് ക്രീം കച്ചവിടക്കാരെ കൊണ്ടു നിറഞ്ഞിരുന്നു. പേപ്പർ പ്ലാസ്റ്റിക്‌ വേസ്റ്റുകൾ പ്രകൃതി ഭംഗിക്കു കരി വാരിതേച്ചു  തുടങ്ങിയപ്പോൾ അധികൃതർ അവരെ  വിലക്കി.
വ്യൂ പൊയിന്റിൽ നിന്നും അല്പ്പം കൂടെ മുന്നോട്ടു പോയാൽ വയനാടിൻറെ കവാടത്തിൽ-ലക്കിടിയിൽ എത്താം. അതെ നിങ്ങൾ ഗോഡ്സ് ഓവ്ൻ കണ്‍ട്രിയിലെ ഗോഡ്സ് ഓവ്ൻ ഡ്രീം ടെസ്റ്റിനേഷനിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.
ഒമ്പതാം വളവു മുതൽ ലക്കിടി വരയുള്ള ചുരത്തിൻറെ ഭാഗം പണ്ട് വളരെ ഇടുങ്ങിയതായിരുന്നു .ഒരു വശത്തു ചെങ്കുത്തായ പാറകളും മറുവശത്ത് കണ്ണെത്താത്ത കൊക്കയും. ഇത്രയും ദൂരം വാഹന ഗതാഗതം ഒരു സമയത്ത് ഒരു ദിശയിലേക്കു മാത്രമായി സിഗ്നൽ ലൈറ്റ് വച്ച് നിയന്ത്രിച്ചിരുന്നു.പിൽക്കാലത്ത് ഇവിടെ റോഡിൻറെ വീതി കൂട്ടുകയായിരുന്നു.

2. ലക്കിടി 

ഗേറ്റ് വേ റ്റു വയനാട്‌ എന്നറിയപ്പെടുന്ന ലക്കിടി വർഷത്തിൽ 365 ദിവസവും മഴ പെയ്യുന്ന സ്ഥലമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പെടുന്നതാണ്‌ ലക്കിടി. ജൈവവൈവിധ്യം കൊണ്ടു  ഇവിടുത്തെ മഴക്കാടുകൾ സമ്പുഷ്ടമാണ്.

ലക്കിടിയിലെ ചങ്ങല മരം അഥവാ ചെയിൻ ട്രീ പ്രശസ്തമാണ്.ചങ്ങല അണിഞ്ഞ ഒരു മരം എന്നതിലുപരി ഇതിനു പിന്നിലെ ഐതിഹ്യം നൊമ്പരപ്പെടുത്തുന്നതാണ്.ബ്രിട്ടീഷ് ഭരണകാലത്ത് കരിന്തണ്ടൻ എന്നറിയപ്പെടുന്ന ആദിവാസി മൂപ്പൻ വയനാട്ടിലേക്കുള്ള എളുപ്പവഴി പറഞ്ഞു കൊടുത്തു ഇംഗ്ലീഷ്കാരെ സഹായിച്ചു. വഴി കണ്ടുപിടിച്ചതിനുള്ള ക്രെഡിറ്റ്‌ ഏറ്റെടുത്ത ഒരു ഇംഗ്ലീഷ് എഞ്ചിനീയർ കരിന്തണ്ടനെ കൊന്നു കളഞ്ഞു. ഗതി കിട്ടാതെ അലഞ്ഞു നടന്ന കരിന്തണ്ടൻടെ  ആത്മാവ് അത് വഴി പോകുന്നവരെയെല്ലാം ഉപദ്രവിച്ചു. ചുരത്തിൽ അപകടങ്ങൾ പതിവായി. കരിന്തണ്ടൻടെ ആത്മാവിനെ ആവാഹിച്ചു ചങ്ങലമരത്തിൽ ബന്ധിച്ചതിനു ശേഷമാണ് സ്ഥിതി ശാന്തമായത്.